മൺമറഞ്ഞു തിരിച്ചെത്തിയ കരകൗശല വിദ്യ; കണ്ണാടിപ്പായ

വെളിച്ചം തട്ടിയാൽ കണ്ണാടിപോലെ തിളങ്ങുന്ന കണ്ണാടിപ്പായയ്ക്ക് ആഗോളശ്രദ്ധ നേടികൊടുത്തിരിക്കുകയാണ് ഭൗമസൂചിക പദവി. വെളിച്ചം തട്ടിയാൽ കണ്ണാടിപോലെ തിളങ്ങും. നെയ്യാൻ ഒരു മാസം. അതും പ്രത്യേകസമയം നോക്കിയെടുക്കുന്ന അപൂർവ മുളകൊണ്ട്, തുണിപോലെ മൃദുവായതിനാൽ ഒരു മുളങ്കുറ്റിയിൽ ചുരുട്ടിവച്ച് സൂക്ഷിക്കാം. ഇങ്ങനെ നിരവധി പ്രത്യേകതകൾ നിറഞ്ഞതാണ്‌ കണ്ണാടിപ്പായ. അപൂർവമായ ഞൂഞ്ഞിൽ ഈറ്റ പ്രത്യേക പ്രായത്തിലുള്ളതെടുത്താണ് പായ നിർമിക്കുന്നത്. കണ്ണാടിപോലുള്ള ചതുര ഡിസൈൻ കാരണമാണ് പായയ്ക്ക് ആ പേരുവന്നത്. മിനുസമുള്ളതിനാൽ വെളിച്ചം തട്ടി കണ്ണാടിപോലെ തിളങ്ങുന്നതാണ് കാരണമെന്നും പറയുന്നു.

ഭൗമസൂചിക പദവി ലഭിച്ച സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ ഉൽപന്നമാണ് കണ്ണാടിപ്പായ. ഇടുക്കി ജില്ലയിൽ കഞ്ഞിക്കുഴി പഞ്ചായത്തിലെ പാലപ്ലാവ് എന്ന പ്രദേശത്തെ ഉണർവ് പട്ടികവർഗ വിവിധ ഉദ്ദേശ്യ സഹകരണ സംഘം, ഉപ്പുകുന്ന് മൂലക്കാടിലെ വനശ്രീ ബാംബൂ ക്രാഫ്റ്റ് ആൻഡ് വനവിഭവ ശേഖരണ യൂണിറ്റ് എന്നീ രണ്ടു സംഘങ്ങളാണ് കണ്ണാടിപ്പായ നിർമിക്കുന്നത്. ഇടുക്കി, തൃശൂർ, എറണാകുളം, പാലക്കാട് എന്നിവിടങ്ങളിൽ നിന്നുള്ള കേരളത്തിലെ ആദിവാസി വിഭാഗങ്ങളായ ഊരാളി, മണ്ണാൻ, മുതുവ, മലയൻ, കാടർ, ഉള്ളാടൻ, മലയരയൻ എന്നിവരാണ്‌ കണ്ണാടിപ്പായ നെയ്‌തെടുക്കുന്നത്‌.

പാകമായ അപൂർവമായ ‘ഞൂഞ്ഞലീറ്റ’ അഥവാ ‘മെയ്യീറ്റ’ എന്ന പ്രത്യേകതരം ഈറ്റയുടെ കനം കുറഞ്ഞ മിനുസപ്പെടുത്തിയ പാളികൾ ഉപയോഗിച്ച് പ്രത്യേക രീതിയിൽ തഴയാക്കിയെടുത്താണ് ഇവ നെയ്യുന്നത്. കൈകൊണ്ടാണ് നിർമ്മാണം. ഒന്നര വർഷമായ ഈറ്റയും പഴുത്ത ഈറ്റയുമാണ് നിർമാണത്തിന് ഉപയോഗിക്കുന്നത്. ഈറ്റ ചീന്തി ദിവസങ്ങളോളം ഉപ്പ് വെളളത്തിലിടും. പൂപ്പൽ വരാതിരിക്കാനുളള കരുതലാണ് ഇത്. പിന്നെ നെടുകെയും കുറുകെയും ശ്രദ്ധയോടെ മൂലതിരിച്ചുമൊക്കെയുളള നെയ്ത്ത്. 10 വർഷംവരെ നിലനിൽക്കുന്ന പായയ്ക്ക് നല്ല തണുപ്പാണ്. ആറടി നീളവും നാലടി വീതിയിലുമുള്ള പായയ്ക്ക് മുപ്പതിനായിരത്തോളം രൂപ വില വരും. പായ ഉപയോഗിച്ച് ക്ലോക്ക് ഫ്ലവർ വെയ്സ്, ട്രേകൾ തുടങ്ങിയ കരകൗശല ഉൽപന്നങ്ങളും നിർമിക്കുന്നു. ഒരു സ്ക്വയർ ഫീറ്റിന് ആയിരം രൂപ മുതലാണ് വില.

കാട്ടിൽപ്പോയി അപൂർവമായ ഞൂഞ്ഞിൽ ഈറ്റ പ്രത്യേക പ്രായത്തിലുള്ളതെടുത്താണ് പായ നിർമിക്കുന്നത്. ഏറെ ക്ഷമയോടെ ചെയ്യേണ്ട, അപൂർവവും സങ്കീർണവുമായ ഡിസൈനാണ് കണ്ണാടിപ്പായയുടേത്. വിവിധ ഡിസൈനിലുണ്ടെങ്കിലും ചതുരക്കള്ളികളാണ് അടിസ്ഥാനം. ഈറ്റ എന്ന് പേരിലുണ്ടെങ്കിലും മുളവർഗത്തിലാണ് ഞൂഞ്ഞിൽ ഈറ്റ ഉൾപ്പെടുന്നത്. മുളയുടെ ഇത്രയേറെ നേർത്ത പാളികൊണ്ട് നിർമിക്കുന്ന പായ ഇന്ത്യയിൽത്തന്നെ വേറെയില്ല. മടക്കുകയോ ഒടിക്കുകയോ ചെയ്യാം.

നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് കണ്ണാടിപ്പായ നെയ്ത്തിന്. ഇടുക്കി ജില്ലയിലെ ആദിവാസി സമൂഹങ്ങൾ രാജാക്കന്മാർക്കും മറ്റ് പ്രധാന നേതാക്കൾക്കും ഈ പായ സമ്മാനമായി നൽകിയിരുന്നു. നായാട്ടിനായി എത്തുന്ന രാജാക്കന്മാർക് ഗുഹകളിൽ തങ്ങുന്നതിനും നിലത്തു വിരിച്ചു മയങ്ങുന്നതിനും ആയിട്ടായിരുന്നു വഴികാട്ടികളായി കൂടെ കൂടിയിരുന്ന ആദിവാസകൾ കണ്ണാടിപ്പായ നെയ്തു നൽകിയിരുന്നത്. 1976 ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇടുക്കി അണക്കെട്ട് ഉദ്ഘാടനത്തിനായി എത്തിയപ്പോൾ ഈ പായ സമ്മാനിച്ചിട്ടുണ്ട്.

ഭൗമസൂചിക പദവി ലഭിച്ചതോടെ വിദേശ മാർക്കറ്റുകളടക്കം ലക്ഷ്യമിട്ട് ആദിവാസി ഉന്നതികളിൽ നിർമ്മാണം വ്യാപകമാക്കാനുള്ള ഒരുക്കങ്ങൾ നടക്കുകയാണ്. പ്രാദേശിക പൈതൃകത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ഉൽപ്പന്നങ്ങൾക്ക് കൂടുതൽ വിപണി കണ്ടെത്തുന്നതിനും സഹായകമാണ് ഈ നേട്ടം. ചുരുക്കം ചില ആളുകളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന കണ്ണാടി പായ എന്ന കരകൗശല ഉൽപ്പന്നത്തിന് അപൂർവ്വ ബഹുമതി തേടിയെത്തിയതോടെ പുതിയ തലമുറയ്ക്ക് ഈ കരവിരുത് പകർന്നു നൽകാനുള്ള പരിശീലന കളരിയും ഒരുക്കിയിട്ടുണ്ട്. ഭൗമസൂചിക പദവികൂടി വന്നതോടെ, പെരുമ കടൽകടക്കുന്നതിൻ്റെയും മൂല്യമേറുന്നതിൻ്റെയും സന്തോഷത്തിലാണ് കണ്ണാടി പായയുടെ നെയ്ത്തുകാർ.