കേരളത്തിന്റെ താളമായി പാലക്കാട് മദ്ദളം

കേരളത്തിൽ നിന്നുള്ള താളവാദ്യത്തിന്റെ ശബ്ദം ഭൗമസൂചിക പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നു. പ്രാദേശിക തനിമയും, പൈതൃക സവിശേഷതകളും, ഭൂമി ശാസ്ത്രപരമായ പ്രത്യേകതകളും, പരമ്പരഗതമായ മേന്മയുള്ള പാലക്കാടന് മദ്ദളം ആണ് ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ (ജിഐ) പട്ടികയിൽ ഇടം പിടിച്ച കേരളത്തിൽ നിന്നുമുള്ള ആദ്യ വാദ്യോപകരണം.
പതിമൂന്നാം നൂറ്റാണ്ടിലേ സംഗീതോപകരണം ആണ് മദ്ദളം. കഥകളി, പഞ്ചവാദ്യം, കേളി തുടങ്ങിയ ക്ഷേത്ര കലാരൂപങ്ങളുടെ അകമ്പടിയായി കേരളത്തിൽ ഉപയോഗിക്കുന്ന ഒരു താളവാദ്യമാണിത്. ശിവന്റെ നൃത്തത്തിൽ പ്രധാന അകമ്പടിയായി മദ്ദളം ഉണ്ടായിരുന്നതായും അത് ദൈവിക ഉപകരണമായി (ദേവ വാദ്യ) കണക്കാക്കപ്പെട്ടിരുന്നുവെന്നും അനുമാനിക്കുന്നു. മദളം പുറപ്പെടുവിക്കുന്ന ശബ്ദം 'പ്രണവം' അല്ലെങ്കിൽ 'ഓം' ആയാണ് കണക്കാക്കപ്പെട്ടിരുന്നതെന്നും വാദങ്ങളുണ്ട്
പാലക്കാട്ടെ പെരുവമ്പയിൽ ആണ് സംഗീത ശ്രുതി സാന്ദ്രമോടെ ഭൗമസൂചിക പട്ടികയിൽ ഇടം നേടിയ മദ്ദളം നിർമിക്കുന്നവരുടെ വാസസ്ഥാനം. ഇരുന്നൂറിൽപ്പരം വർഷങ്ങളായി മേളവാദ്യോപകരണങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിയ്ക്കുന്ന കുടുംബക്കാർ ഇവിടെ ഉണ്ട്. മൃദംഗം, മദ്ദളം, ചെണ്ട, തബല, ധോൾ, ഗഞ്ചിറ എന്നു തുടങ്ങി കർണ്ണാടക സംഗീതത്തിലും ക്ഷേത്ര സംഗീതത്തിലും കൂടുതലായി ഉപയോഗിയ്ക്കുന്ന മറ്റു മേളവാദ്യോപകരങ്ങളും പെരുവെമ്പയിലെ കലാകാരന്മാർ രൂപകല്പന ചെയ്യുകയും നിർമ്മിച്ചു നല്കുകയും ചെയ്യുന്നുണ്ട്. അതിൽ പെരുവമ്പയിലെ മദ്ദള വാദ്യോപകരണ നിർമാണത്തിൽ പേരുകേട്ട 5 കുടുംബങ്ങൾക്കാണ് ഭൗമസൂചിക പദവി ഉപയോഗിക്കാൻ അനുമതി ലഭിച്ചിരിക്കുന്നത്.
2007-ൽ പെരുവമ്പ ഗ്രാമത്തിലെ കൈത്തൊഴില്‍ വിദഗ്‌ധര്‍ തുകൽ അധിഷ്ഠിത ഉപകരണങ്ങൾ നിർമ്മിയ്ക്കുന്നവരുടെ ഒരു കൂട്ടായ്മ സംസ്ഥാന തലത്തിൽ (കേരളാ സ്റ്റേറ്റ് തുകൽ വാദ്യോപകരണ നിർമ്മാണ സംഘം) രൂപീകരിച്ചു. ഇപ്പോഴും അതിനു കീഴിലാണ് പ്രവർത്തനം.
വാങ്ങുന്നയാളുടെ ആവശ്യം അനുസരിച്ച് കൂടിയുള്ള നിർമാണ രീതിയാണ് പെരുവമ്പ മദ്ദളത്തെ കലാകാരന്മാരുടെ പ്രിയങ്കരമാക്കുന്നത്. 26,000 രൂപ മുതൽ 29,000 രൂപ വരെയാണ് ഒരു മദ്ദളത്തിന്റെ തുക. ഭൗമസൂചികയിൽ ഇടം പിടിച്ചതോടെ സംഗീത വാദ്യോപകരണ മേഖലയിൽ മാറ്റത്തിന്റെ ശബ്ദം പുറപ്പെടുവിക്കാൻ ഒരുങ്ങുകയാണ് പെരുവമ്പയിലെ മദ്ദള നിർമാണ വിദ്വാന്മാർ.