അനന്തപുരിയുടെ അടയാളമായ ബാലരാമപുരം കൈത്തറി

ഒരു ജനതയുടെ സംസ്കാരത്തിന്റെയും അധ്വാനത്തിന്റെയും ഇഴയടുപ്പമാണ് തിരുവനന്തപുരം ബാലരാമപുരം കൈത്തറിക്ക്. ഓരോ നൂലിലും വർണങ്ങൾ ചാലിച്ച് പാവിൽ കൈകളാൽ നെയ്തെടുക്കുന്ന വസ്ത്രങ്ങൾക്കും, ഒരു അത്ഭുത സൃഷ്ട്ടാവിനെപ്പോലെ കൈകളുടെ താളാത്മക ചലനത്താൽ ശുഭ്രവസ്ത്രങ്ങൾ നെയ്തൊരുക്കുന്നവർക്കും കാലം ചാർത്തികൊടുത്ത അംഗീകാരമാണ് ലോകഭൗമ സൂചിക (ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ) പ്രകാരമുള്ള ബൗദ്ധിക സ്വത്തവകാശം.
ഒരു ഭൂപ്രദേശത്തിന്റെ ഭാഷ ശൈലിയെപ്പോലും സ്വാധീനിച്ച നെയ്ത്ത് തറികളുടെ നാട്ടിലാണ് ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ പ്രകാരം ബൗദ്ധിക സ്വത്തവകാശം ലഭിച്ച കേരളത്തിലെ ആദ്യ കൈത്തറി ഉൽപന്നമായ ബാലരാമപുരം കൈത്തറിയുടെ പിറവി. കൈത്തറി എന്നാല്‍ ബാലരാമപുരം എന്നാണ് സങ്കല്പ്പം. അതുകൊണ്ട് തന്നെയാണ് ലോകഭൗമ സൂചികയില്‍ ബാലരാമപുരത്തിന് ഇടംകിട്ടിയതും. 1798 നും 1810 നുമിടയിൽ തിരുവിതാംകൂർ രാജാവായിരുന്ന ബാലരാമവർമ തമിഴ്നാട്ടിൽനിന്ന് കൊണ്ടുവന്ന നെയ്ത്തുകാരുടെ പിൻമുറക്കാരാണ് ഇന്നും ബാലരാമപുരം കൈത്തറിയുടെ തനിമ കാത്ത് സൂക്ഷിക്കുന്നത്. രാജകൊട്ടാരത്തിലേക്ക് ആവശ്യമുള്ള തുണിത്തരങ്ങൾ നെയ്യാനാണു കൈത്തറി നെയ്ത്തിൽ വിദഗ്ധരായ ശാലിഗോത്ര സമുദായത്തെ തമിഴ്നാട്ടിലെ വള്ളിയൂരിൽ നിന്ന് ബാലരാമപുരത്തേക്ക് രാജകുടുംബം മാറ്റിപ്പാർപ്പിച്ചത്. രാജഭരണ കാലം മുതല് ഇന്നും താളത്തിൽ ചലിക്കുന്ന ഈ തറികളുടെ താളമാണ് ബാലരാമപുരത്ത് നിന്നുയരുന്നത്. അങ്ങനെ ചരിത്രാതീത കാലം മുതല്‍ കേരളീയ വസ്ത്രസങ്കല്പ്പത്തിന് ഒരു പ്രധാന ഭാഗഭാക്കായി തീരാന് ബാലരാമപുരം കൈത്തറിക്കായതിലൂടെ ബാലരാമപുരം എന്നാല്‍ മലയാളി മനസ്സില് കൈത്തറിയുടെ ഈറ്റില്ലമായി മാറുകയും ചെയ്തു. ഇന്ന് തിരുവന്തപുരത്തെ ബാലരാമപുരം കൂടാതെ പെരിങ്ങമ്മല, പയറ്റുവിള, ഉച്ചക്കട, വെങ്ങാനൂർ, മഞ്ചവിളാകം, ധനുവച്ചപുരം, നെയ്യാറ്റിൻകര എന്നിവിടങ്ങളിലായി കൈത്തറിയുടെ തായ്‌വഴിക്കാര്‍ അധിവസിക്കുന്നു.

കേരളത്തില്‍ മാത്രമല്ല ലോകമെമ്പാടും കൈത്തറിയ്ക്ക് പേരുകേട്ട ഇടമാണ് ഇവിടം. അത്കൊണ്ട് തന്നെയാണ് ബാലരാമപുരം കൈത്തറിയുടെ സാദ്ധ്യതകൾ മനസ്സിലാക്കി ബാലരാമപുരം ശ്രീ ഭഗവതി സഹകരണ സംഘം 2015 ൽ ലോകഭൗമ സൂചികയിൽ ബാലരാമപുരം കൈത്തറിയെയും ഉൾക്കൊള്ളിക്കാനുള്ള നടപടികൾ ആരംഭിച്ചത്. ബാലരാമപുരം കൈത്തറിയുടെ നിർമാണത്തിലും തൊഴിലാളി വൈദഗ്ധ്യത്തിലും സംശയമേതുമില്ലാത്തതു കൊണ്ട് തന്നെ അതെ വർഷം തന്നെ ആ ഉദ്യമം വിജയത്തിലെത്തുകയും ചെയ്തു. ബാലരാമപുരം കൈത്തറി സാരി,ബാലരാമപുരം കൈത്തറി മുണ്ടുകൾ എന്നീ കൈത്തറി ഉത്പ്പനങ്ങൾക്കാണ് ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ പ്രകാരം ബൗദ്ധിക സ്വത്തവകാശം ലഭിച്ചിരിക്കുന്നത്. 275 ലധികം അംഗീകൃതരായ നെയ്ത്തു തൊഴിലാളികൾ അംഗങ്ങളായുള്ള ശ്രീ ഭഗവതി സഹകരണ സംഘത്തിൽ 200 ലധികം പേർ സജ്ജീവമായി പ്രവർത്തിച്ചു വരുന്നു. ശ്രീ ഭഗവതി സഹകരണ സംഘത്തെ കൂടാതെ വെങ്ങാനൂർ വില്ലേജ് ഇന്റെഗ്രെറ്റഡ് സൊസൈറ്റിയും ബാലരാമപുരം കൈത്തറിയിന്മേലുള്ള ബൗദ്ധിക സ്വത്തവകാശം നേടിയെടുത്തിരുന്നു.

ബാലരാമപുരം കൈത്തറിയിൽ നെയ്തെടുക്കുന്ന കൈത്തറി വസ്ത്രങ്ങളുടെ ഗുണമേന്മയാണ് ഏറെ ശ്രദ്ധേയം. പ്രത്യേകം പരുവപ്പെടുത്തിയെടുക്കുന്ന ഗുണനിലവാരമേറിയ നൂലാണ് കൈത്തറി നെയ്ത്തിനായി ഉപയോഗിക്കുന്നത്. നൂലിൽ പശചേർത്ത്,പാക്കളത്തിൽ ഉണക്കി കൈത്തറിയിൽ നെയ്തെടുക്കുന്നതിനാലാണ് മികച്ച ഗുണനിലവാരം ഈ വസ്ത്രങ്ങൾക്ക് ലഭിക്കുന്നത്. ഇതിന്റെ പ്രശസ്തി ലോകമെങ്ങും വ്യാപിക്കുകയും ആവശ്യക്കാർ ബാലരാമപുരം കൈത്തറി തേടിയെത്തുകയും ചെയ്യുന്നത് കൊണ്ട് തന്നെ പരമ്പരാഗത നെയ്ത്തു ശാലാ കുടുംബാംഗങ്ങളിൽപ്പെട്ട യുവ തലമുറയും ഇതിലെ മറ്റ് വ്യവസായ - വാണിജ്യ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഫാഷൻ ടെക്നോളജി,ഡെയിങ് ടെക്നോളജി തുടങ്ങിയ നൂതന പഠന വിഭാഗങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചു കൈത്തറിയെ മറ്റൊരു തലത്തിലെക്ക് വളർത്തിയെടുക്കാൻ അവരിലൂടെ കഴിയുമെന്ന് തന്നെയാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പ്രതീക്ഷയും. ബാലരാമപുരം കൈത്തറി പരിസ്ഥിതി സൗഹാർദ്ദമായതിനാൽ സുസ്ഥിര വികസന വിപണി പൂർണമായും പ്രയോജനപ്പെടുത്തി കൊണ്ട് നെയ്ത്തുകാർ തങ്ങളുടെ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നതിന് ഇ- കൊമേഴ്സ് മാർഗങ്ങളും ഗവണ്മെന്റ് ഇ-മാർക്കറ്റ് പോർട്ടലും പ്രയോജനപ്പെടുത്തുന്നതിനും പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്.

വീടുകളോട് ചേർന്നുള്ള തറികളിൽ തുച്ഛമായ വരുമാനം പ്രതീക്ഷിച്ച് ഈടുറ്റ വസ്ത്രങ്ങൾ നെയ്തെടുത്തിരുന്ന പഴയകാലത്ത് നിന്ന് മാർക്കെറ്റിങ്ങിലും ഡിസൈനിംഗിലും ഉൾപ്പെടെ പുതുമകൾ പരീക്ഷിച്ചു ഈടുറ്റ വസ്ത്രങ്ങൾ നെയ്തെടുക്കുന്ന പുതു തലമുറ ബാലരാമപുരം കൈത്തറിയെ ഇനി മറ്റൊരു തലത്തിലേക്കെത്തിക്കും. അങ്ങനെകാലം ചാര്‍ത്തിയ ഈ പെരുമയിൽ അധ്വാനത്തിന്റെ അടയാളവും പേറി ബാലരാമപുരം കൈത്തറിയെ ഇനിയും ലോകം അറിയട്ടെ.