Kerala GI Products
പഴമയുടെ പെരുമ പേറുന്ന മലയാളമണ്ണിന് അന്നും ഇന്നും എന്നും സുഗന്ധവിളകൾ എന്നും അലങ്കാരവും അഹങ്കാരവുമാണ്. പണ്ട്, ഒരു കിലോ കരയാമ്പൂ ഗ്രാമ്പൂവിന് ഏഴു ഗ്രാം സ്വർണം വിലയായി ലഭിച്ചിരുന്നത്രെ; ഇന്ന് 7 കിലോ ഗ്രാമ്പൂ കൊടുത്താൽ ഒരു ഗ്രാം സ്വർണം കിട്ടില്ലെന്നായിട്ടുണ്ട്. എന്നു കരുതി കടൽ കടന്നും കേരളത്തിനെ അടയാളപ്പെടുത്തുന്ന ഈ സുഗന്ധവിളയെ തലനാടുകാർക്ക് മറക്കാനാവുമോ? സവിശേഷ വിളകൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന ഭൗമസൂചികാപദവിയിലൂടെ തലനാടൻ ഗ്രാമ്പൂവിനെ ആഗോളതലത്തിൽ പ്രശസ്തമാക്കാൻ ഒരുങ്ങുകയാണ് കോട്ടയം ജില്ലയിലെ മലനാടൻ ഗ്രാമമായ തലനാടിലെ ഗ്രാമ്പു കർഷകർ.
സവിശേഷ വിളകൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന ഭൗമസൂചികാ പദവി (ജി.ഐ), കേരള കാർഷിക സർവകലാശാല ബൗദ്ധിക സ്വത്തവകാശ സെന്റർ, കൃഷിവകുപ്പ്, തലനാടൻ ക്ലോവ് ഗ്രോവേഴ്സ് ആൻഡ് പ്രോസസ്സിങ് ഇൻഡസ്ട്രിയൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്, തലനാട് ഗ്രാമപ്പഞ്ചായത്ത് എന്നിവയുടെ കൂട്ടായശ്രമഫലമായാണ് ലഭിച്ചത്. മലയോരമേഖലകളിൽ ഏറ്റവും ആദായകരമായി ഗ്രാമ്പൂ കൃഷിചെയ്യുന്ന ഗ്രാമമാണ് കോട്ടയം ജില്ലയിലെ തലനാട്. ഇവിടെ മിക്ക വീടുകളിലും ഗ്രാമ്പൂ വളരുന്നുണ്ട്. പഞ്ചായത്തിലാകെ 120 ഹെക്ടറിൽ ഗ്രാമ്പൂ കൃഷി ചെയ്യുന്നതായാണ് ഔദ്യോഗിക കണക്ക്.
ഏതാനും മരങ്ങൾ ഇടവിളയായി വളരുന്ന പുരയിടങ്ങൾ മുതൽ നൂറുകണക്കിനു ഗ്രാമ്പൂമരങ്ങളുള്ള തോട്ടങ്ങൾവരെ ഇക്കൂട്ടത്തിലുണ്ട്. മലനിരകൾക്കിടയിൽ തണുപ്പും ഈർപ്പവും കോടയുമൊക്കെ കൂടിക്കലർന്നുണ്ടാകുന്ന സവിശേഷ കാലാവസ്ഥയാണ് ഈ നാടിനെ കരയാമ്പൂവിന്റെ പറുദീസയാക്കി മാറ്റിയത്. വിളവെടുപ്പു കാലമായ നവംബർ ജനുവരി മാസങ്ങളിൽ തലനാട്ടിലെ കാറ്റിനുപോലും കരയാമ്പൂ സുഗന്ധമുണ്ടാവും. തണുപ്പുള്ള കാലാവസ്ഥയിൽ കരയാമ്പൂവിൽനിന്നു ബാഷ്പീകരണത്തിലൂെട നഷ്ടപ്പെടുന്ന തൈലത്തിന്റെ തോത് താരതമ്യേന കുറവാണ്. ഇവിടുത്തെ കരയാമ്പൂ മൊട്ടുകളിൽ ഉയർന്ന തോതിൽ തൈലത്തിന്റെ അളവ് കണ്ടെത്താനാകുന്നത് ഇക്കാരണത്താലാണത്രെ. തൈലത്തിന്റെ തോതിൽ മാത്രമല്ല, വലുപ്പത്തിലും നിറഭംഗിയിലുമൊക്കെ തലനാടൻ ഇനം മെച്ചം.
സമുദ്രനിരപ്പിൽനിന്നും 3000 അടി ഉയരത്തിൽ ഗ്രാമ്പൂകൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയാണ്. തലനാടിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും ഇവിടത്തെ ഗ്രാംപുവിനു ചില സവിശേഷ ഗുണങ്ങൾ സമ്മാനിക്കുന്നു. ചൂടു കുറവുള്ള പ്രദേശം. എന്നാൽ, തണുപ്പ് ഏറുകയുമില്ല. ഗ്രാംപു തഴച്ചുവളരാനും മൊട്ടിടാനുമുള്ള ഏറ്റവും നല്ല കാലാവസ്ഥ. ഈ ഭൂപ്രകൃതി മൂലം മറ്റു ഗ്രാമ്പുവിനങ്ങളേക്കാൾ വലുപ്പം തലനാടൻ ഗ്രാംപുവിന് ഉണ്ട്. മാത്രമല്ല എണ്ണയുടെ അംശവും മണവും കൂടുതലുമാണ്. മൊട്ടിന്റെ ആകർഷക നിറം, വലുപ്പം എന്നിവകൊണ്ട് വിപണിയിൽ മുമ്പേതന്നെ ശ്രദ്ധ നേടിയതാണ് ഈ ഗ്രാമ്പൂ.
ഈ പ്രത്യേകതകൾ ഇവിടത്തെ ഗ്രാമ്പൂവിന്റെ സുഗന്ധം, രുചി, നിറം, ഔഷധഗുണം എന്നിവ വർധിപ്പിക്കുന്നു. ഡിസംബർ-ജനുവരിയാണ് വിളവെടുപ്പ്. ഈരാറ്റുപേട്ട ബ്ലോക്കിലെ തലനാട്, തീക്കോയി, മേലുകാവ്, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തലപ്പലം, തിടനാട്, മൂന്നിലവ് എന്നീ പഞ്ചായത്തുകളിലും ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലും തലനാടൻ ഗ്രാമ്പൂ കൃഷി ചെയ്യുന്നു. 3000 അടി ചെരിഞ്ഞ പ്രതലത്തിലാണ് കൃഷി. 4,5 മാസം പ്രായമായ തൈകളാണ് നടുന്നത്. ഗ്രാമ്പു മൊട്ടാണ് ആവശ്യം. ഏഴാം വർഷം ഉത്പാദനം ആരംഭിക്കും. നവംബർ പകുതി മുതൽ ഫെബ്രുവരി വരെയാണ് വിളവെടുപ്പ് കാലം. ഗ്രാമ്പു മൊട്ടാണ് എടുക്കുക. പച്ചനിറം മാറി ഇളംപിങ്കുനിറമാകുമ്പോഴാണ് വിളവെടുക്കേണ്ടത്. വിരിഞ്ഞ പൂക്കൾക്ക് വില കുറയും. ശാഖാഗ്രങ്ങളിലെ പൂമൊട്ടുകൾ ശ്രദ്ധാപൂർവം കൈകൊണ്ട് അടർത്തിയെടുക്കേണ്ടതുണ്ട്. നാലു വശത്തേക്കും കയറിട്ടു കെട്ടി കുത്തനെ ഉറപ്പിച്ച ഏണികളിൽ കയറിനിന്ന് വിളവെടുക്കുന്നത് ശ്രമകരമാണ്.പച്ച ഗ്രാമ്പു മൊട്ടുകൾ കൈകൊണ്ടുതന്നെ ഞെട്ട് വേർപെടുത്തിയശേഷം 45 ദിവസം വെയിലത്തുണക്കും. ഉണങ്ങിയ ഗ്രാമ്പുമൊട്ടുകൾക്ക് നല്ല തവിട്ടുനിറമായിരിക്കും. വളർച്ചയെത്തിയ മരത്തിൽനിന്ന് 48 കിലോ ഉണങ്ങിയ മൊട്ടുകൾ ലഭിക്കും.
ഭൗമസൂചികാപദവി ലഭിച്ചതോടെ ദേശീയ, അന്തർദേശീയ വിപണികളിൽ കരയാമ്പൂവിന്റെ പറുദീസയൊരുക്കുന്ന തലനാടൻ ഗ്രാമ്പുവിന് പ്രിയമേറുമെന്ന് ഉറപ്പാണ്.