പ്രകൃതിയുടെ മധുരം ഒളിപ്പിച്ച മറയൂർ ശർക്കര

ഇടുക്കിയിലെ കോടമഞ്ഞിന്റെ തണുപ്പിൽ പ്രകൃതിയുടെ മധുരത്തിൽ ഒളിപ്പിച്ച അത്ഭുതമായ മറയൂർ ശർക്കര ലോക മധുരവിപണി തന്നെ കീഴടക്കാൻ ശേഷിയുള്ളത്. സമുദ്രനിരപ്പിൽ നിന്നും 5500 അടിയിൽ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മറയൂരിലെ ശർക്കരയുടെ ഈ രസക്കൂട്ട് ലോകശ്രദ്ധ ആകർഷിച്ചതാണ്. മധുരപ്പായസം തുടങ്ങി കാപ്പി വരെ ഉണ്ടാക്കുന്ന മറയൂര് ശര്ക്കരക്ക് അയണ്, കാത്സ്യം എന്നിവ കൂടുതലും ചെളിയും കല്ലും താരതമ്യേനെ കുറവാണ് എന്നതാണ് പ്രത്യേകത. പ്രധാന വസ്തുവായ കരിമ്പിൽ ഉൾപ്പെടെ കീടനാശിനി പ്രയോഗം കുറവ്. പരമ്പരാഗതരീതിയില് ഉരുട്ടി എടുത്താണ് നിര്മ്മാണം, ഉപ്പിന്റെ സാന്നിത്യം കുറവ്, ഔഷധഗുണം കൂടുതല് എന്നിങ്ങനെ പോകുന്നു മറയൂരിലെ സ്വന്തം ശർക്കര പെരുമയുടെ ഗുണഗണങ്ങൾ.

കേരളത്തിൽ പന്തളം, തിരുവല്ല, മറയൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് കരിമ്പ് കൃഷി ചെയ്യുന്നത്. ഇതിൽ മറ്റു പ്രദേശങ്ങളിൽനിന്നു വ്യത്യസ്തമായി മറയൂർ കാന്തല്ലൂർ പ്രദേശത്ത് വർഷം മുഴുവൻ കൃഷി ചെയ്യുന്നു. ഏതു സമയത്തും ഇവിടെനിന്നു ശർക്കര ലഭിക്കും. 850 കർഷകർ 1200 ഏക്കറോളം സ്ഥലത്താണ് കൃഷി ചെയ്യുന്നത്. കോടമഞ്ഞും കരിമ്പുമാണ് മറയൂർ ശർക്കരയുടെ പ്രകൃതിരഹസ്യം. പ്രകൃതിയുടെ മടിത്തട്ടിൽ വിളഞ്ഞ് കരിമ്പൂറ്റിയുള്ള ശർക്കര ഉൽപ്പാദനം തികച്ചും ശുദ്ധമായ രീതിയിലാണ് നടത്തുന്നത്. ചെളിയും കട്ടയും കൊണ്ടു ഉണ്ടാക്കിയ പ്രത്യേക പുകപ്പുരയുടെ മുകളിലൂടെ മധുരമായ ശർക്കരയുടെ സുഗന്ധം നിർമ്മാണവേളയിലെ വേറിട്ട അനുഭൂതികളിലൊന്നാണ്.

കരിമ്പ് വെട്ടിയെടുത്ത് ചതച്ച് നീര് എടുക്കുന്നതിൽ തുടങ്ങുന്നു ആദ്യഘട്ടം. യന്ത്രത്തിന്റെ സഹായത്തോടെ (നമ്മുടെ നാട്ടിലെ കരിമ്പ് ജ്യൂസ് ഉണ്ടാക്കുന്ന മെഷീൻ) എടുത്ത നീര് വലിയ ഡ്രമ്മിൽ പകർത്തിവയ്ക്കുന്നു. മുകൾഭാഗത്തെ തെളിഞ്ഞ നീര് ശർക്കരയുണ്ടാക്കുന്ന വലിയ പാത്രത്തിലേക്കു മാറ്റുന്നു. കരിമ്പ് ഊറ്റിയ ശേഷമുള്ള കരിമ്പിൻ ചണ്ടി തന്നെയാണ് ശർക്കരയുണ്ടാക്കുന്ന വെള്ളം ചൂടാക്കുന്നതിനായി കത്തിക്കുന്നത്. വലിയ ഊഷ്മാവിൽ തിളക്കുന്ന കൊപ്പാറയിലേക്ക് കരിമ്പിൻ നീര് പകരുകയാണ് ചെയ്യുന്നത്. ചൂടായി വരുമ്പോൾ കുറച്ച് കുമ്മായം ചേർത്ത് ശുദ്ധീകരിക്കും. പിന്നീട് പനമ്പായയിലേക്ക് ശർക്കര പകർന്ന് കൈകൾ കൊണ്ട് ഉണ്ടകളായി ഉരുട്ടി എടുക്കുകയാണ് ചെയ്യുന്നത്. സാധാരണ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ നിറമാണെങ്കിൽ മറയൂർ ശർക്കരയ്ക്ക് കടുത്ത തവിട്ടുനിറമാണ്.

2016 മുതല്‍ മറയൂര്‍ ശര്‍ക്കരയ്‌ക്ക്‌ ഭൗമസൂചിക പദവി നല്കുന്നതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ കർഷകർ ആരംഭിച്ചിരുന്നു. തമിഴ്നാട്ടില് നിന്നടക്കം മറയൂര്‍ ശര്‍ക്കരയെന്ന പേരില്‍ ഗുണനിലവാരം കുറഞ്ഞ ശര്‍ക്കര കേരളത്തില് വിറ്റഴിക്കുന്ന സാഹചര്യത്തിലാണ് മറയൂരിലെ അഞ്ചനാട് കരിമ്പ് ഉല്പാദക വിപണന സംഘം,മഹാഡ്,മാപ്കോ തുടങ്ങിയ കര്‍ഷക കൂട്ടായ്മയുടെ സംയുക്ത ഇടപെടലിലൂടെ ഭൗമസൂചിക പട്ടികയിൽ മറയൂർ ശർക്കര ഇടം പിടിച്ചത്. മറയൂർ ശർക്കരയ്ക്ക് ഭൗമസൂചിക പദവി ലഭിച്ചതോടെ ഈ രംഗത്തെ വ്യാജന്മാരെ ഒരുപരിധി വരെയെങ്കിലും തടഞ്ഞു നിർത്താനും ശർക്കരയ്ക്കു കൂടുതൽ വില ലഭ്യമാക്കാനും കഴിഞ്ഞിട്ടുണ്ട്.