Kerala GI Products

എണ്ണക്കുരുക്കളില്‍ റാണിയാണ് എള്ള്. ഇതില്‍ ഏറ്റവും ഗുണമേന്മയേറിയതാണ് ഓണാട്ടുകര എള്ള്. ഓണാട്ടുകരയുടെ നാണ്യവിളയെന്നു വിളിക്കുന്ന 'ഓണാട്ടുകര എള്ള്' ഭൗമസൂചിക പട്ടികയിൽ ഇടംപിടിച്ചതോടെ ഓണാട്ടുകരയുടെ പാടങ്ങളില്‍നിന്ന് അകന്നുകൊണ്ടിരിക്കുന്ന കൃഷി തിരിച്ചുവരുമെന്നും സ്വദേശത്തും വിദേശത്തും പ്രിയങ്കരമാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴില്‍ കായംകുളത്തു പ്രവര്‍ത്തിക്കുന്ന ഓണാട്ടുകര മേഖലാ കാര്‍ഷികഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെ, ഓണാട്ടുകര വികസന ഏജന്‍സി എള്ളുകര്‍ഷകരുടെ മുഖ്യ ഏജന്‍സിയാണ് ഭൗമസൂചികാ പദവിക്കു വേണ്ടി അപേക്ഷിച്ചത്.കാലാവസ്ഥ വ്യതിയാനം കാരണം താളം തെറ്റിയ കൃഷി തിരികെ പിടിക്കാനുള്ള ഓണാട്ടുകര കാർഷിക ഗവേഷണ കേന്ദ്രത്തിന്‍റെ പരിശ്രമങ്ങൾക്കുള്ള അംഗീകാരവുമാണ് പുതിയ പദവി.
ഓണാട്ടുകരയുടെ പശിമയാർന്ന പാടശേഖരങ്ങളിൽ മൂന്നാം വിളയായിട്ടാണ് എള്ള് കൃഷി ചെയ്തിരുന്നത്. സമീപകാലത്ത് കാലാവസ്ഥയിൽ സംഭവിച്ച മാറ്റങ്ങൾ കൃഷിയെ സാരമായി ബാധിച്ചിരുന്നു. ഓണാട്ടുകര കാർഷിക ഗവേഷണ കേന്ദ്രവും (ORARS) വികസന ഏജൻസിയും തദ്ദേശ സ്ഥാപനങ്ങളും സഹകരിച്ച് നടപ്പാക്കിയ പദ്ധതികളിലൂടെ കൃഷി വീണ്ടും തിരികെ വന്നപ്പോഴാണ് അംഗീകാരമെന്നതും ശ്രദ്ധേയമാണ്.
ആലപ്പുഴ, കൊല്ലം, പത്തനംതിട്ട എന്നീ മൂന്ന് ജില്ലകളിലായി 43 തദ്ദേശസ്ഥാപനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 500-ഓളം ഹെക്ടറിലാണ് ഓണാട്ടുകര എള്ള് കൃഷി ചെയ്യുന്നത്. ഈ പ്രദേശത്തെ ശരാശരി വാര്‍ഷിക ഉത്പാദനം ഏകദേശം 150 മുതല്‍ 200 ടണ്‍ വരെയാണ്. പരമ്പരാഗത ‘അയലി’ കായംകുളം-1, തിലക്, തിലതാര, തിലറാണി എന്നീ ഇനങ്ങളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ഓണാട്ടുകര മേഖലയിലെ കൃഷി വിസ്തൃതി 2023-24ൽ 2,000 ഹെക്ടറായി ഉയർത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ ഓണാട്ടുകരയില്‍ 500 ഹെക്ടര്‍ സ്ഥലത്ത് മാത്രമാണ് എള്ളുകൃഷിയുള്ളത്. ഇടയ്ക്കിത് 225 ഹെക്ടര്‍ വരെ താഴ്ന്നിരുന്നു. മുന്‍കാലങ്ങളില്‍ 1,000 ഹെക്ടര്‍വരെ എള്ളുകൃഷി ഓണാട്ടുകരയില്‍ നടന്നിരുന്നു. എള്ളുകൃഷിക്കുവേണ്ട പരിരക്ഷ നല്‍കുന്നതിനോ പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നതിനോ പദ്ധതികള്‍ ഒന്നും തന്നെയില്ല. ഭൗമസൂചികാ പദവി ലഭിച്ചതോടെ ഇതിനു മാറ്റംവരുമെന്നാണ് പ്രതീക്ഷ.
ഇരുപ്പൂക്കൃഷിക്കു പറ്റിയ പാടങ്ങളാണ് ഓണാട്ടുകരയുടേത്. രണ്ടു നെല്‍ക്കൃഷിക്കിടയില്‍ ഇടവിളയായി എള്ളുകൃഷിയും ഇവിടെ പതിവായിരുന്നു. രണ്ടു നെല്ലിന് ഒരെള്ള് എന്നതാണു കൃഷി രീതി. രണ്ടു സീസൺ നെല്ല് കൃഷി ചെയ്ത ശേഷം ഡിസംബറിലാണ് എള്ള് വിതയ്ക്കുന്നത്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വിളവെടുക്കും. (സാധാരണ മകരക്കൊയ്ത്തു കഴിഞ്ഞാണ് പാടത്ത് എള്ള് കൃഷിചെയ്തിരുന്നത്. 80-90 ദിവസങ്ങള്‍ക്കുള്ളില്‍ എള്ള് വിളവെടുക്കാന്‍ പാകമാകും.) പാടത്തും കരയിലും എള്ള് കൃഷിചെയ്യാന്‍ കഴിയും. ‘ആയാളി’ ഇനത്തിലെ എള്ള് ആണ് ഓണാട്ടുകരയുടെ പാരമ്പര്യ എള്ള്. അനശ്വരതയുടെ വിത്ത് എന്ന അപരനാമവും എള്ളിനുണ്ട്. നേരിയ ചുവപ്പുരാശിയുള്ള എള്ള് ആണ് ആയാളി. ഈ ഇനത്തിന് പുറമെ ഓണാട്ടുകര മേഖലാ കാര്‍ഷികഗവേഷണ കേന്ദ്രം വികസിപ്പിച്ച തിലക്, തിലധാര, തിലറാണി, തിലോത്തമ തുടങ്ങിയ എള്ളിനങ്ങളും (കറുത്ത നിറം) ഓണാട്ടുകരയിൽ ഇപ്പോൾ കൃഷി ചെയ്യുന്നുണ്ട്.
കാര്‍ഷിക സര്‍വകലാശാല ശാസ്ത്രജ്ഞര്‍ നടത്തിയ ഗവേഷണത്തില്‍ ഓണാട്ടുകര എള്ളിന് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ കൃഷി ചെയ്യുന്ന എള്ളിനെക്കാള്‍ ഗുണമുണ്ടെന്ന് കണ്ടെത്തിയിരുന്നു. വിറ്റാമിന്‍ ഇ, ആന്റിഓക്സിഡന്റുകള്‍ എന്നിവ കൂടാതെ, ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒലിക് ആസിഡ്, ലിനോലെയിക് ആസിഡ്, പാല്‍മിറ്റോലിക് ആസിഡ് മുതലായവയും ഓണാട്ടുകര എള്ളില്‍ അടങ്ങിയിട്ടുണ്ട്. ആയുർവേദത്തിൽ സ്നേഹ വർഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള എള്ളിന് ഔഷധഗുണങ്ങൾ ഏറെയാണ്. അപൂരിത കൊഴുപ്പുകൾ ധാരാളമായി അടങ്ങിയതിനാൽ ഹൃദയസംബന്ധിയായ രോഗമുള്ളവർക്ക് ഓണാട്ടുകര എള്ളെണ്ണ ഔഷധതുല്യമാണ്. നാഡീഞരമ്പുകളുടെയും പേശികളുടെയും ആരോഗ്യം വീണ്ടെടുക്കുന്നതിനും ഇവ സഹായകമാകുന്നു. പ്രമേഹരോഗത്തിനും രക്തക്കുഴലുകളിലെ തടസ്സംനീക്കി, രക്തയോട്ടം വർധിപ്പിക്കുന്നു. നീർക്കെട്ട് ഇല്ലാതാക്കുന്നതിനാൽ വാതസംബന്ധിയായ രോഗശമനത്തിനും ഉത്തമം. ആർത്തവവേദന കുറയ്‌ക്കാനും കൃത്യമായി ആർത്തവം ഉണ്ടാകാനും എള്ള് സഹായിക്കും.
എള്ളെണ്ണ പാചകത്തിനും തേച്ചുകുളിക്കുന്നതും ഉപയോഗിക്കും. സ്വാദിഷ്ടമായ നാടന്‍ പലഹാരങ്ങള്‍ക്ക് രുചി പകരുന്നതിലും ഓണാട്ടുകര എള്ള് കേമമാണെന്നാണ് വിലയിരുത്തൽ. ഓണാട്ടുകരയുടെ എള്ളില്‍നിന്ന് ആട്ടുമ്പോള്‍ കൂടുതല്‍ എണ്ണയും കിട്ടും. അതിനാല്‍ ആവശ്യക്കാരും ഏറെയായിരുന്നു. ഭൗമസൂചികാ പദവി ലഭിച്ചതോടെ ഓണാട്ടുകര ബ്രാൻഡിൽ എള്ളെണ്ണ ഉണ്ടാക്കി വിപണനം ചെയ്യുന്നതിനൊപ്പം മൂല്യവർധിത ഉൽപന്നങ്ങളുടെ വിപണന സാധ്യതകളും പരിശോധിക്കുന്നുണ്ട്. ഔഷധി, ആയുർവേദ റിസോർട്ടുകൾ, മറ്റ് സംരംഭകർ എന്നിവരുമായും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും അന്താരാഷ്‌ട്ര വിപണികളിലും ഉൽപ്പന്ന വിപണന സാധ്യതകളും പരിഗണിക്കുന്നുണ്ട്.