മലബാറിലെ ജൈവ നെല്ലറ; കൈപ്പാട് അരി

മലബാറിലെ പരമ്പരാഗത കൃഷിരീതിയായ കൈപ്പാട് കൃഷിയില്‍ നിന്ന് ലഭിക്കുന്ന കൈപ്പാട് അരിയും ഭൗമസൂചിക പട്ടികയില്. കണ്ണൂര്‍ ജില്ലയിലെ ഏഴോം ഗ്രാമപഞ്ചായത്തിലെ കൈപ്പാട് മേഖലയില്‍ 10 വര്ഷം നീണ്ടുനിന്ന പ്രായോഗിക പരീക്ഷണങ്ങള്‍ക്കൊടുവില്‍ വികസിപ്പിച്ചെടുത്ത ഏഴോം നെല്ല്‌ ഉള്‍പ്പെടെയുള്ളവ കൃഷി ചെയ്യുന്ന മലബാറിലെ കൈപ്പാട് മേഖലയിലെ മുഴുവന് അരിയിനങ്ങള്‍ക്കും അന്താരാഷ്ട്ര വിപണിയില്‍ സ്വാധീനമുറപ്പിക്കാന്‍ കഴിയുമെന്നതാണ് ഭൗമസൂചിക പട്ടികയില്‍ ഉള്‍പ്പെട്ടതിന്റെ പ്രധാന നേട്ടം. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ മൂന്ന് ജില്ലകളിലായി ഏകദേശം 4100 ഹെക്ടറോളം കൈപ്പാട് നിലങ്ങൾ ഉണ്ട്. ഇതിൽ 3400 ഹെക്ടർ കണ്ണൂരിലും 200 ഹെക്ടർ കാസർകോടും 500 ഹെക്ടർ കോഴിക്കോട്ടുമാണ്. എന്നാൽ, ഇതിൽ 20 ശതമാനം മാത്രമേ കൃഷിക്കായി ഉപയോഗിക്കുന്നുള്ളൂ. കണ്ണൂർ ജില്ലയിൽ മാത്രമാണ് കൈപ്പാടിന്റെ യഥാർഥ കൃഷിരീതികൾ അവലംബിക്കുന്നത്.

കണ്ണൂരിന്റെ ഭൂപ്രകൃതിക്കും കാലവസ്ഥക്കും മാത്രമുതകുന്ന രീതിയിൽ ഭൂമി കൈപ്പാടുകർക്ക് സമ്മാനിച്ച അരിയിനമാണ് കൈപ്പാട് അരി.ഉപ്പുവെള്ളം കയറുന്ന പ്രദേശത്തെ വേലിയേറ്റത്തെയും വേലിയിറക്കത്തെയും ആശ്രയിച്ചാണ് ഈ കൃഷി. ഒരു തവണ നെല്‍കൃഷിയും തുടര്‍ന്ന്‌ മത്സ്യ കൃഷിയുമാണ് കൈപ്പാടിന്റെ പ്രത്യേകത. മണ്ണ് ഉപ്പു രസമുള്ളതായതിനാല്‍ എല്ലാ നെല്ല്‌ വിത്തിനങ്ങളും ഇവിടങ്ങളില്‍ യോജിക്കില്ല.ഉപ്പുരസത്തെ അതിജീവിക്കാന്‍ കഴിയുന്ന ഇനങ്ങള്‍ മാത്രമെ ഇവിടെ കൃഷി ചെയ്യാനാകൂ. നെല്‍വിത്തും മണ്ണും തമ്മിലുള്ള ബന്ധം കൊണ്ട് മാത്രം കൃഷി നിലനില്ക്കില്ല എന്നർത്ഥം. കേരളത്തില്‍ പണ്ടുമുതല്ക്കേയുള്ള കൈപ്പാട് കൃഷിക്ക് രാസവളങ്ങള്‍ ഒന്നും തന്നെ ഉപയോഗിക്കുന്നില്ല. മികച്ച പോഷക ഗുണവും ഔഷധ ഗുണവും ഉള്ള ഈയിനം മലബാറില് ഏറ്റവും കൂടുതലായി കണ്ണൂര് ജില്ലയിലാണ് കൃഷി ചെയ്യുന്നത്. കൈപ്പാട് അരിയുടെ പ്രത്യേക രുചിയും ഔഷധഗുണവും ഇന്നും ഇന്നാട്ടിലെ പഴമക്കാരുടെ മനസിലുണ്ട്. ഒരുകാലത്ത് ഉത്തരമലബാറിലെ കൈപ്പാട് കൃഷിയുടെ കേന്ദ്രമായിരുന്നു ഏഴോം. രണ്ടാം ലോക മഹായുദ്ധത്തിനുശേഷമുണ്ടായ ക്ഷാമകാലത്ത് നെല്ലു വാങ്ങി സംഭരിക്കാനായി തമിഴ്‌നാട്ടില്‍ നിന്നു പോലും വ്യാപാരികള്‍ ഇവിടെ എത്തിയിരുന്നു

നേരത്തെ കാര്‍ഷിക മേഖലയില്‍ പൊതുവേയുണ്ടായ അപചയം കൈപ്പാട് നിലങ്ങളേയും ബാധിച്ചിരുന്നു. തരിശ് വീണ പാടങ്ങളില്‍ കണ്ടലുകള്‍ തഴച്ചു വളര്‍ന്നു.. പല നിലങ്ങളും നികത്തി റോഡു നിര്‍മ്മിക്കുകയും തെങ്ങുവച്ച് പറമ്പാക്കുകയും ചെയ്തു. എന്നാല് കൈപ്പാട് അരിക്ക് ഭൗമ സൂചിക പദവി ലഭിച്ചതോടെ നെല്‍ കൃഷിയുടെ നഷ്ടപ്രതാപം തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി. മൂന്നു ജില്ലകളിലെ കൈപ്പാട് നിലങ്ങളുടെ സംരക്ഷണവും കൃഷി വികസനവും മുന്‍നിര്‍ത്തി കൈപ്പാട് ഏരിയാ ഡവലപ്മെന്റ് സൊസൈറ്റി (കാഡ്സ്) എന്ന സംവിധാനം പിന്നാലെ രൂപം കൊണ്ടു. കൃഷി മന്ത്രി ചെയര്‍മാനായി കൃഷി വകുപ്പിന്റെയും കേരള കാര്ഷിക സര്വകലാ ശാലയുടെയും മേല്‍നോട്ടത്തിലാണ്‌ കാഡ്സിന്റെ പ്രവര്‍ത്തനങ്ങള്‍. കൈപ്പാട് നിലങ്ങളില്‍ കൃഷി ചെയ്തുകിട്ടുന്ന അരി പ്രത്യേകമായി ബ്രാന്ഡ് ചെയ്ത് വിപണിയിലെത്തി ക്കുകയാണ് കാഡ്സ് ലക്ഷ്യമിടുന്നത്. ഭൗമസൂചികയുടെ ആനുകൂല്യം കൂടിയാകുമ്പോള്‍ അന്താരാഷ്ട്ര വിപണികളില്‍ പോലും സ്ഥാനം നേടാന്‍ ഉത്തരകേരളത്തിന്റെ ഈ തനതു മാതൃകയ്ക്കായേക്കാം.

കേരള കാര്‍ഷിക സര്‍വ്വകലാശാല യിലെ പടന്നക്കാട് കാര്‍ഷിക കോളജ് അധ്യാപിക ഡോ. ടി വനജയുടെ നേതൃത്ത്വത്തില്‍ മലബാര്‍ ഫാര്‍മേഴ്‌സ്‌ സൊസൈറ്റിയാണ് കൈപ്പാട് അരിയുടെ ഗുണമേന്മയടക്കമുള്ള കാര്യങ്ങള്‍ വിദഗ്ധ സമിതിക്കു മുമ്പാകെ അവതരിപ്പിച്ച് ഭൗമസൂചിക പദവി നേടിയെടുക്കുന്നതിനായി പ്രയത്നിച്ചത്. മൂന്ന് ജില്ലകൾ പ്രവർത്തന മേഖലയായിട്ടുള്ള 'മലബാർ കൈപ്പാട് ഫാർമേഴ്സ് സൊസൈറ്റി' രൂപവത്കരിച്ച് 2010-ൽ രജിസ്റ്റർ ചെയ്യുകയും, പോഷകസമ്പുഷ്ടമായ 'കൈപ്പാട് അരി'ക്ക് ഭൗമസൂചിക പദവി ലഭ്യമാക്കുകയും ചെയ്തു. കൈപ്പാടിൽ കൃഷി ചെയ്യുന്ന എല്ലാ ഇനങ്ങളുടെയും അരി 'കൈപ്പാട് അരി' എന്ന ബ്രാൻഡിൽപ്പെടും. ഭൗമസൂചിക എന്നത് നിയമം കൊണ്ട് സംരക്ഷിക്കപ്പെടുന്ന ബൗദ്ധിക സ്വത്തവകാശമായതിനാൽ മലബാർ കൈപ്പാട് ഫാർമേഴ്സ് സൊസൈറ്റിക്ക് മാത്രമേ കൈപ്പാട് അരി'യുടെ വിപണനാധികാരമുള്ളൂ. കൈപ്പാട് നെല്ലിൽ നിന്നും മറ്റ് മൂല്യ വർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കി വിപണിയിൽ എത്തിക്കാനും അഗ്രിക്കൾച്ചറൽ ടൂറിസത്തിന്റെ സാധ്യതകൾ പഠിക്കുവാനും മലബാർ കൈപ്പാട് ഫാർമേഴ്സ് സൊസൈറ്റി' ലക്ഷ്യമിടുന്നുണ്ട്.