പോരാട്ട വീര്യത്തിന്റെ കാസർഗോഡ് കൈത്തറി സാരി

സപ്ത ഭാഷയുടെ വൈവിധ്യവും യക്ഷഗാനത്തിന്റെ പഴമയും പ്രൗഢിയും കാത്തു സൂക്ഷിക്കുന്ന കാസർഗോഡിന് കൈത്തറി പെരുമയുടെ ചരിത്രം കൂടി അവകാശപ്പെടാനുണ്ട്. ആ ചരിത്ര പെരുമയാകട്ടെ ഭൗമ സൂചിക പട്ടികയിലൂടെ കാസർഗോഡിനായി ലോകത്തിന്റെ നെറുകയിൽ ഒരിടവും നേടിയെടുത്തിരിക്കുന്നു.

ഭൗമ സൂചികാപട്ടികയില്‍ കാസര്ഗോഡ് നിന്നും ഇടം പിടിച്ചത് കൈകളാൽ നെയ്തെടുക്കുന്ന കൈത്തറി സാരിയാണ്. പരമ്പരാഗത ശൈലിയിൽ കൈകൊണ്ട് നെയ്തെടുക്കുന്ന കാസർഗോഡ് സാരിയുടെ ഗുണമേന്മയും, ഡിസൈനുമാണ് ഇവയുടെ പ്രധാന ആകർഷണം. അലക്കുംതോറും തിളക്കം കുറയുന്നതാണ് സാധാരണ തുണികൾ. എന്നാൽ, അലക്കുംതോറും തിളക്കം കൂടുമെന്നതാണ് കാസർകോട് സാരിയുടെ പ്രത്യേകത. ഓരോ നൂലും സ്റ്റാർച്ച് മുക്കി നെയ്യുന്നതാണ് ആ മങ്ങാത്ത തിളക്കത്തിന്റെ രഹസ്യക്കൂട്ട്.

കാസർഗോഡ് വിദ്യാനഗറിലെ ഉദയഗിരിക്കടുത്ത് കൊല്ലവർഷം 1938ൽ രൂപം കൊണ്ട നെയ്ത്ത് സഹകരണ സംഘമാണ് കാസർഗോഡ് സാരിയുടെ ഉൽപാദകർ. മഞ്ചേശ്വരം മുതൽ ചന്ദ്രഗിരി വരെയുള്ള ശാലിയ സമുദായമായിരുന്നു ഇതിന് തുടക്കം കുറിച്ചത്. ശാലിയ സമുദായത്തിന്റെ കുലത്തൊഴിലായിരുന്നു നെയ്ത്ത്. ഇവർ തന്നെയാണ് കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള കൈത്തറികളുടെ പൂർവ്വപിതാക്കന്മാർ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. ഭൗമസൂചിക പട്ടികയിൽ ഇടം പിടിച്ച തിരുവനന്തപുരത്തെ ബാലരാമപുരം കൈത്തറിയുടെയും പൂർവ്വികർ ഈ ശാലിയാർ സമുദായം തന്നെയായിരുന്നു.

നെയ്ത്ത് കലയാണ്, തൊഴിലാണ് പക്ഷെ അതിനൊത്ത കൂലിമാത്രം പലപ്പോഴും തൊഴിലാളികൾക്ക് ലഭിച്ചിരുന്നില്ല എന്നതാണ് സത്യം. അത് കൊണ്ട് തന്നെ കാസർകോടുള്ള പല നെയ്തുകാരും നെയ്ത് തൊഴിൽ ഉപേക്ഷിച്ച് മറ്റു ജോലികൾ തേടിയിറങ്ങി. നെയ്ത്തുകാരില്ലാതെ കൈത്തറി മേഖല അന്യം നിന്നു പോകുമെന്ന സ്ഥിതി വിശേഷം വരെയായി. ആ സമയം നശിച്ച് തുടങ്ങിയ കൈത്തറിയെ കുറച്ച് ആളുകൾ മുൻകൈ എടുത്ത് ഒരു ചെറിയ സംഘം രൂപീകരിച്ച് അവിടെ സാരി നിർമാണം ആരംഭിച്ചു. കാലക്രമേണ ഇത് കാസർഗോഡ് സാരീസ് ആയി അറിയപ്പെട്ടു. അന്ന് 500 കുടുംബങ്ങളോളം ഈ സംഘത്തെ ആശ്രയിച്ചു ജീവിച്ചിരുന്നു. പിന്നീട് അങ്ങോട്ട് തൊഴിലാളികളുടെ എണ്ണം കുറഞ്ഞു. കാസർകോട് സാരി വീണ്ടും ദുരിതക്കയത്തിലേക്ക് ആഴ്ന്നിറങ്ങിയപ്പോഴാണ് 2010 ൽ കേരള ഹാൻഡ്ലൂം ഡയറക്ടറേറ്റിന്റെ പ്രവർത്തനഫലമായി കാസർഗോഡ് സാരി ഭൗമസൂചിക പട്ടികയിൽ ഇടം പിടിച്ചത്. ശരിക്കും കാസർകോട് സാരിയുടെ രണ്ടാം ജന്മമായിരുന്നു അത്. നാശത്തിലേക്ക് പോയ്കൊണ്ടിരുന്ന നെയ്ത് പൂർവ്വാധികം ശക്തിയോടെ തിരിച്ചു വന്നു. ഭൗമസൂചിക പട്ടികയിൽ ഇടംനേടിയതോടെ സാരിക്ക് ആവശ്യക്കാരേറിയത് ഉത്പാദകരായ കാസര്‍ഗോഡ്‌ വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് പുതു ഉണർവ്വും നൽകി.

ഭൗമസൂചിക പട്ടികയിൽ ഇടംനേടിയശേഷം ആവശ്യക്കാരുടെ എണ്ണവും വില്പനയും വർധിച്ചു. പക്ഷെ അപ്പോഴും വിദേശീയർ ഭാരതീയ വസ്ത്രമായ സാരിയോട് മുഖം തിരിച്ചു നിൽക്കുന്നത്, വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയെ സാരമായി ബാധിക്കുന്നുണ്ട്. അതിനെ മറികടക്കുന്നതിനായി മികച്ച മാർക്കറ്റിംഗ് പദ്ധതികൾ ആവിഷ്കരിക്കാൻ കൂടിയുള്ള ഉദ്ധ്യമത്തിലാണ് കാസർഗോഡ് വീവേഴ്സ് സഹകരണ സംഘം.

വിദ്യാനഗര്‍ ഉദയഗിരിയിലെ കാസർഗോഡ് വീവേഴ്സ് സഹകരണ സംഘത്തിന്റെ നെയ്ത്തുശാലയില് നിന്നും പല നിറങ്ങളിലും ഡിസൈനുകളിലുമായിട്ടാണ് സാരി വിപണിയിലെത്തുന്നത്. 1100 രൂപ മുതൽ 20000 രൂപ വരെ വിലമതിക്കുന്ന സാരികളാണ് ഇവിടെ നിന്ന് ഉല്പാദിപ്പിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമ്പോഴും വിപണിയിലെ സാധ്യതകളെ ഇന്നും സജീവമായി നിലനിര്ത്തുകയാണ് കാസർഗോഡിന്റെ ഈ തനത് ഉൽപ്പന്നം. മാറി വരുന്ന ജീവിത സാഹചര്യങ്ങളിൽ വേതനം കുറവും അത്യധ്വാനം വേണ്ടി വരുന്നതുമായ നെയ്തിനോട് മുഖം തിരിഞ്ഞു നിൽക്കുകയാണ് ഇപ്പോഴത്തെ യുവതലമുറ. അത്കൊണ്ട് തന്നെ താല്പര്യമുള്ള തൊഴിലാളികളെ തിരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നൽകിയാണ് പരമ്പരാഗതമായ നെയ്ത്ത് തൊഴിലിനെ ഇവർ നിലനിർത്തുന്നത്. ഇപ്പോൾ 35 തൊഴിലാളികളാണ് സൊസൈറ്റിക്ക് കീഴിലുള്ളത്. ആകെയുള്ള 35 പേരും വനിതകളാണ് എന്നത് മറ്റൊരു ശ്രദ്ധേയമായ വസ്തുതയാണ്.

പ്രതിസന്ധികളുടെ നടുവിലും, തകർച്ചയുടെ വക്കിലും പൊരുതി നിന്ന് ലോകത്തിന്റെ നെറുകയിൽ പേരുപതിപ്പിച്ച കാസർഗോഡ് സാരിക്ക് തളരാത്ത കേരളത്തിന്റെ പോരാട്ട വീര്യത്തിന്റെ മുഖം കൂടിയുണ്ട്.