കൊല്ലത്ത് തഴവയാണ് താരം

കൈതോല കൊണ്ട് പായ അടക്കം നിരവധി ഉൽപ്പന്നങ്ങളുണ്ടാക്കി ലോകത്തിന് സമ്മാനിച്ച തഴവയുടെ പെരുമ ലോകപ്രശസ്തമാണ്. ഭൗമസൂചിക പട്ടികയിൽ കൊല്ലത്തെ പേരെഴുതി ചേർത്തതും പരമ്പരാഗത വ്യവസായമായ തഴവ ആണെന്നത് കാലം കാത്തുവച്ച നീതിയാകണം. തഴവയിലെ മെത്തപ്പായ ലോക വിപണികളിൽ പോലും പ്രശസ്തമാണ്.

കേരള സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന റൂറൽ ആർട്ട് ഹബ് പ്രൊജക്ടിന്റെ പൈതൃക ഗ്രാമം പദ്ധതിയിൽ തഴവപ്പായ നിർമ്മാണ ഗ്രാമവും ഉൾപ്പെടുത്തിയിട്ടുണ്ട്. തഴവ കുതിരപ്പന്തി ചന്തയിലാണ് തഴപ്പായ നിർമാണ ഗ്രാമം ആദ്യം ആരംഭിച്ചത്. തഴപ്പായ, തഴ കൊണ്ട് നിർമിക്കുന്ന കരകൗശല വസ്തുക്കൾ എന്നിവയുടെ നിർമാണത്തിന് 20 തൊഴിലാളികൾക്ക് പരിശീലനം നൽകിയിരുന്നു. സാംസ്കാരിക വകുപ്പ് നേരിട്ടാണു പദ്ധതി നടപ്പാക്കുന്നത്.

കൈത ഓല കൊത്തിയെടുത്ത് മുള്ളുകള് നീക്കി ഉണക്കിയാണ് തഴ ഒരുക്കുന്നത്. ഇവ കാലങ്ങളോളം സൂക്ഷിക്കാനും ആവശ്യാനുസരണം പായകൾ നെയ്തെടുക്കാനും സാധിക്കും. പഴമയുടെ പര്യായമായ തഴപ്പായയ്ക്ക് ഇപ്പോഴും ആവശ്യക്കാർ ഏറെയാണ്. ക്ഷേത്രങ്ങളിലേക്കും കല്യാണ ആവശ്യങ്ങൾക്കും ഇപ്പോഴും തഴപ്പായകൾ ഉപയോഗിക്കുന്നുണ്ട്. വീതി കുറച്ച് കീറിയെടുക്കുന്ന ചെറിയ തഴ പുഴുങ്ങി ഉണക്കി നെയ്യുന്ന മെത്തപ്പായകൾക്കും അവശ്യക്കാരേറെയാണ്. കൂടാതെ അരീപ്പായ, ചിക്കുപായ, തുമ്പുപായ, തടുക്ക് തുടങ്ങി വൈവിധ്യമുള്ള പായകൾ മുതൽ ചെരിപ്പ്, മാർക്കറ്റ് ബാഗ്, ജുവൽ ബോക്സ്, ഹാൻഡ്ബാഗ്, ടേബിൾമാറ്റ് തുടങ്ങി നൂറിലേറെ വ്യത്യസ്ത ഉൽപ്പന്നങ്ങൾ നിർമിക്കാൻ തഴവാക്കാർക്കറിയാം.

തഴയിൽ നിർമിച്ച കരകൗശല വസ്തുക്കൾ കേരളത്തിൽ എത്തുന്ന വിദേശ സഞ്ചാരികൾക്ക് ഇന്നും പ്രിയപ്പെട്ടതാണ്. ഫാഷൻ ഡിസൈനിങ് മേഖല പഠന വിഷയമാക്കിയ വിദ്യാർഥികൾ പലരും തഴവയുടെ നിർമാണ വൈദഗദ്യം കണ്ടുപടിക്കാൻ എത്താറുണ്ടെങ്കിലും പുതിയ തലമുറയിലാരും തഴകൊണ്ടുള്ള നിർമാണം പഠിക്കാൻ ശ്രമിക്കാറേയില്ല എന്നത് വസ്തുതയാണ്.

ആധുനികകാലത്തിന് യോജിച്ച പുതിയ രൂപകൽപ്പനയോടെ കൂടുതൽ ഉൽപ്പന്നങ്ങൾ നിർമിക്കാനുള്ള ശ്രമത്തിലാണ് തഴവ വിദഗ്ധർ ഇരുതലമൂർച്ചയുള്ള വാൾ പോലെ നിൽക്കുന്ന കൈതകളിൽ നിന്ന് കൈതോല വെട്ടിയെടുത്ത് അതിനെ മുള്ളുകൾ നീക്കി സംസ്കരിച്ച് പായനെയ്ത്തിന് പാകമാക്കുന്നതുമുതൽ നെയ്ത്തിന്റെ അവസാനം വരെ പ്രത്യേകം വൈദഗ്ദ്ധ്യം ആവശ്യമാണ്. ഈ മികവുള്ള തൊഴിലാളികളുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തുകയും സാങ്കേതികവിദ്യ കൂടി ഉപയോഗിച്ച് തൊഴിൽ കൂടുതൽ എളുപ്പമുള്ളതാക്കുകയും ചെയ്യുന്നതിനാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്.

പൈതൃക ഗ്രാമം പദ്ധതിയിൽ തഴവ പഞ്ചായത്ത് ഉൾപ്പെട്ടതും ഭൗമസൂചിക പട്ടികയിൽ തഴവ ഉത്പന്നങ്ങൾ ഇടം പിടിച്ചതും തഴവയിലെ ജനങ്ങളെ പുതിയ സ്വപ്നങ്ങൾ കണ്ടുതു ടങ്ങാൻ പ്രാപ്തരാക്കിയിട്ടുണ്ട്.