വയനാട്ടുകാരൻ റോബസ്റ്റ കോഫി

ഭൂമിയിൽ അധ്വാനിക്കുന്നവരാണ് വയനാട്ടുകാർ. വയ്ക്കാനും വിളമ്പാനും ഉള്ളത് അവർ അധ്വാനിച്ചുണ്ടാക്കുന്നു. മറ്റു ആവശ്യങ്ങൾക്കുള്ള പണം കണ്ടെത്താൻ മാത്രമാണ് പുറമെ ജോലിക്ക് പോകുന്നത്. അല്ലെങ്കിലും അടിസ്ഥാന ജനതയുടെ നിലനിൽപ്പ് തന്നെ ഭൂമിയിൽ ആണല്ലോ. മണ്ണിനോടും മൃഗങ്ങളോടും പടവെട്ടുന്ന അന്നാട്ടുകരുടെ വീടുകളിലെ നിത്യ നിറയൗവന റോബസ്റ്റാ കാപ്പിക്കും ഭൗമ സൂചിക പദവി ലഭിച്ചിരിക്കുന്നു. രാജ്യാന്തര വിപണിയിൽ ആവശ്യക്കാർ ഏറെയുള്ള വയനാടൻ റോബസ്റ്റ കാപ്പിക്ക് ഭൗമ സൂചികാ പദവി ലഭിച്ചതിൽ അത്ഭുതം യാതൊന്നും തന്നെയില്ല. വയനാട്ടിലെ മണ്ണിൽ യഥേഷ്ട്ടം വളരുന്ന റോബസ്റ്റ കോഫി ചെടി ഇല്ലാത്ത വീടുകൾ വയനാട്ടിൽ കാണാൻ കിട്ടില്ല എന്നത് തന്നെയാണ് അതിന്റെ കാരണം.

രാജ്യത്ത് കർണാടക കഴിഞ്ഞാൽ കാപ്പി ഉൽപാദനത്തിൽ രണ്ടാം സ്ഥാനമാണ് കേരളത്തിന്. അതാകട്ടെ ബഹുഭൂരിപക്ഷവും പ്രധാനമായും കൃഷി ചെയ്യുന്നത് വയനാട്ടിൽ ആണ്. സംസ്ഥാനത്തിന്റെ 70% കാപ്പിയും കൃഷി ചെയ്യുന്നത് വയനാട്ടിലാണ് എന്ന് തിരിച്ചറിയുമ്പോഴാണ് ഇതിന്റെ വ്യാപ്തി നമ്മുക്ക് മനസ്സിലാകുക. വയനാട്ടിൽ എല്ലാ വീടുകളിലും ചെറിയ തോതിൽ എങ്കിലും കാപ്പി കൃഷി നടക്കുന്നുണ്ട്. 67,04,00 പേരാണ് വയനാട്ടിൽ കാപ്പി കൃഷി കർഷകരയി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവരിൽ 95% പേരും ചെറുകിട കർഷകരാണ്. വീട്ടാവിശ്യങ്ങൾക്കും പ്രാദേശിക വിപണികൾക്കും ആയി മാത്രം കൃഷി ചെയ്യുന്നവർ. 25 ഏക്കറിന് മുകളിൽ കൃഷി ചെയ്യുന്നവർ 2% ത്തോളമാണ് അവരാണ് പ്രാദേശിക- ആഭ്യന്തര വിപണി നിയന്ത്രിക്കുന്നത്.

പൊതുവെ കടുപ്പം കൂടിയ കാപ്പിയിനമാണ് റോബസ്റ്റ. അത് കൊണ്ട് തന്നെ മണവും രുചിയും കൂടുതലുള്ള അറബിക്കയുമായി ബെൻഡ് ചെയ്താണ് ഇവ ഉപയോഗിക്കുന്നത്. കൃത്യമായ അളവിലെ ബെൻഡിങ് രുചിയിലും, മണത്തിലും, കടുപ്പത്തിലും റോബസ്റ്റ കോഫിയെ മറ്റൊരു തലത്തിലേക്ക് എത്തിക്കും. അത് കൊണ്ടു തന്നെയാണ് ഇറ്റലി, ബെൽജിയം,ഫ്രാൻസ് തുടങ്ങി യൂറോപ്യൻ രാജ്യങ്ങളിൽ ഇത് പ്രിയപ്പെട്ടതാകുന്നതും. നെസ്റ്റകഫേ പോലുള്ള ബ്രാൻഡഡ് കോഫികൾ ബെൻഡ് ചെയ്യാൻ ഉപയോഗിക്കുന്നതും വയനാടൻ റോബസ്റ്റ കോഫിയാണ്.

16-ആം നൂറ്റാണ്ട് മുതലാണ് ഇന്ത്യയിൽ കാപ്പികൃഷിയുടെ ചരിത്രം ആരംഭിക്കുന്നത്. 1820 മുതൽ ഇന്ത്യയിൽ കാപ്പി കൃഷി ആരംഭിച്ചതായാണ് ചരിത്ര രേഖകൾ. കാപ്പിയുടെ മാതൃ രാജ്യമായ ആഫ്രിക്കയിലെ എത്യോപ്യയിൽ നിന്ന് ശേഖരിച്ച 7 ഇനം കാപ്പി വിത്തുകളെ യമനിൽ നിന്നും സന്ദർശനത്തിനെത്തിയ ബാബ ബുഡാൻ എന്ന് പേരുള്ള ഒരു മുസ്ലിം സന്യാസിയാണ് ഇന്ത്യയിലേക്ക് എത്തിച്ചതെന്ന് കരുതപ്പെടുന്നു. ചിക്ക മംഗളൂരിലുവിലുള്ള ബാബ ബുഡാൻ മൗന്റൈൻസ് ഈ വാദത്തിന് പിന്തുണ നല്കുന്നുമുണ്ട്. തുടർന്ന് ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് ബ്രിട്ടീഷ്കാർക്ക് പ്രിയങ്കരമായ കാപ്പിയെ വ്യാവസായിക അടിസ്ഥാനത്തിൽ വ്യാപകമായി കൃഷി ചെയ്യാൻ ആരംഭിച്ചത്. 1820 കാലഘട്ടങ്ങളിൽ തന്നെ വയനാട് -മാനന്തവാടി ഭാഗത്ത് ബ്രിട്ടീഷുകാർ കാപ്പി കൃഷി ആരംഭിച്ചു. രുചിയും മണവും കൂടുതൽ ഉള്ള അറബിക്ക ആയിരുന്നു കൃഷി. എന്നാൽ 1860- 1870 കാലഘട്ടങ്ങളിൽ കപ്പൊ കൃഷിയെ ബാധിക്കുന്ന വെള്ളതണ്ട് തുരപ്പൻ, ഇലതുരുമ്പു രോഗം എന്നിവ വന്ന് കൃഷി അപ്പാടെ നശിക്കാൻ ആരംഭിച്ചു. തുടർന്ന് 30 വർഷത്തോളം കാപ്പി കൃഷി മേഖല നിര്ജീവാവസ്ഥയിലായിരുന്നു. 1890- 1900 കാലഘട്ടങ്ങളിൽ അത്യുഗ്രൻ രോഗപ്രതിരോധ ശേഷിയും വയനാടൻ മണ്ണിന് യോജിച്ചതുമായ പെരിഡിനിയ റോബസ്റ്റ എന്ന കാപ്പിയുടെ വിത്തുകൾ ശ്രീലങ്കയിൽ നിന്നും, ഇന്തോനേഷ്യയിലെ ജാവ ഐലൻഡിൽ നിന്നും ബ്രിട്ടീഷുകാർ ഇറക്കുമതി ചെയ്തു. ഈ കാപ്പിയിനമാണ് ഇന്നും വയനാടൻ മണ്ണിൽ നൂറുമേനി വിളയുന്നതും. ഭൗമസൂചിക പദവി നേടിയെടുത്തതും.

ചോല മരങ്ങൾക്കിടയിൽ വളർത്തുന്ന വയനാടൻ കാർബൺ ന്യൂട്രൽ കാപ്പി ബ്രാൻഡ് ചെയ്ത് വിപണിയിലെത്തിക്കാൻ സർക്കാർ നടപടി കൈകൊണ്ടിട്ടുണ്ട്. വയനാടൻ റോബസ്റ്റ കാപ്പിക്ക് ഈ പദവി ലഭിച്ചതോടെ രാജ്യാന്തര വിപണിയിലും ആഭ്യന്തര വിപണിയിലും ആവശ്യകാർ വർധിച്ചിട്ടുണ്ട്. എന്നാൽ ഭൗമസൂചിക പദവി നേടിയെടുത്തിന്റെ ഗുണഗനങ്ങൾ കൃഷിക്കാർക്ക് ഇനിയും മനസ്സിലായിട്ടില്ല. പ്രാദേശിക വിപണികളിലും ആഭ്യന്തര - കയറ്റുമതി രംഗത്തും ഇതിന്റെ സാധ്യതകൾ മനസ്സിലാക്കി ഉപയോഗപ്പെടുത്തിയവർ തുലോം കുറവാണ്. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി, ബയോ വിൻ, വനമൂലിക എന്നിങ്ങനെ 5 അപേക്ഷകരാണ് ഭൗമ സൂചിക പദവി സർട്ടിഫിക്കറ്റ് നേടിയെടുത്തത്. കൂടുതൽ കർഷകർ ഇതിനായി കടന്നു വരികയും ഉത്പാദന രംഗത്തും വിപണന രംഗത്തും റോബസ്റ്റ കോഫി ഇനിയും ഉയരങ്ങളിലേക്ക് കുതിക്കുമെന്നും നമ്മുക്ക് വിശ്വസിക്കാം.